1
----------------
തുടങ്ങി ,
പടർന്ന്,
തുളച്ചുള്ളിലേക്കാഴ്
-ന്നിറങ്ങിയപ്പോഴാണ്
എനിക്ക്
നിന്റെ  പ്രണയം 
നഷ്ടപ്പെടുന്നത്.

എല്ലുകൾ
നുറുങ്ങിത്തീരുംപോലെ,
നെഞ്ചിൽ
ഭാരമേറിയ കല്ലുകൾ
അടുക്കിവെച്ചതുപോലെ
അതെന്നെ പിന്തുടരുന്നു.

ഒന്നുറക്കെ
കരയാൻ പറ്റാതെ
പകലുകളും,
രാത്രികളും
എന്നെ ശ്വാസം മുട്ടിക്കുന്നു.

പക്ഷെ,
എന്റെ അവസാനം വരെ
ഞാൻ  നിന്നെ പ്രണയിക്കും
കാരണം
എന്റെ തന്ത്രികൾ
മീട്ടുന്നത്
നിന്റെ രാഗങ്ങൾ
മാത്രമാണ്.

നീ എത്രതന്നെ അകന്നാലും
ഈ അനശ്വരമായ
പ്രണയരാഗത്തെ
അതെ താളത്തിൽ
ഞാൻ
കാത്തുസൂക്ഷിക്കും .

മണ്ണും, മരങ്ങളും
നിലാവും പൂക്കളുമൊന്നും
എനിക്കിനി
ബാക്കിയില്ലെന്നറിയാം
എങ്കിലും
ഈ കനത്ത വെയിലിൽ
കരിയാൻ തുടങ്ങുന്ന
ചില്ലകളിൽ
വിരലുകൾ ചേർത്തുവെച്ച്
ഞാൻ ഇരിക്കട്ടെ.

ഓർമ്മകളുടെ
കോരിത്തരിപ്പുകൾ
തിരയുന്ന
ഇലകൾക്കിടയിലൂടെയൊരു
നേർത്ത സ്വപ്നംപോലെ
നീ അണയുന്നതും കാത്ത്
ഞാനിരിയ്ക്കാം.

ഒരുറക്കം
കനത്ത്
കാറ്റിനൊപ്പം
ഭൂമിയോടു
ചേരും വരെ.

Comments

Popular posts from this blog

വിരലടയാളങ്ങള്‍....