പുറത്ത് തണുപ്പുണ്ടെന്ന്.......

പുറത്ത്,
തണുപ്പുണ്ടെന്ന്
ചെറിയ പകലും,
വലിയ  രാത്രിയും,
ഇലയൊഴിഞ്ഞ്
സുപ്‌തമായ
മരങ്ങളും,
കൂട്ടമായി
പറന്നകലുന്ന
പറവകളും
പറയുന്നുണ്ട്.

തണുത്തുറയാത്ത
നിന്റെ മനസ്സിൽ
പടർന്നുകത്തുന്നത്
ഏതു വിളക്കാണ്.

ഹൃദയത്തിൽ,
കശേരുക്കളിൽ,
അസ്ഥി കോശങ്ങളിൽ,
വിരലുകളിൽ,
നോട്ടങ്ങളിൽ
പെരുകുന്ന ചൂടിനോട്
കാലം തെറ്റിയെന്നറിയിച്ചിട്ടും
നിന്റെ മനസ്സിൽ
പടർന്നുകത്തുന്നത്
ഏതു പേക്കിനാവിന്റെ
നിറ തിരിയാണ്.

കാലത്തിനെ
പറന്നു തോൽപ്പിക്കുവാൻ
നിന്റെ ചിറകുകൾക്ക്
കഴിയുകയില്ല.
കാരണം
തണുത്തുറയാത്ത
നിന്റെ മനസ്സിൽ
ഓർമകളുടെ
ഭാരം മാത്രമാണ്.

ഒരു പക്ഷെ,
എരിഞ്ഞടർന്നിരിക്കാം
ഒരു തണപ്പു
നിന്നിൽ
തളിർക്കും മുമ്പേ...

Comments

Popular posts from this blog