Posts

Showing posts from November, 2010

പരേതം.

Image
കുളിര്‍ത്തു പെയ്യാനുള്ള തുടക്കത്തില്‍ മഴത്തുള്ളികള്‍ ആകാശത്തു തൂങ്ങി കിടന്നു കറുത്ത ശീല പോലെ. നിന്നെ പുണരുവാന്‍ കൊതിച്ച വിരലുകള്‍ വികൃതമായ് ആകാശത്തേക്കു നീണ്ടു കിടന്നു ഒരു വിലാപ ഗാനം പോലെ. ആലിലത്തുമ്പിലെ കാറ്റ് ഒന്നും പറയാതെ തിരിച്ചുപൊയ്. പൂവിട്ടു പരിമണം പാടേയകന്നുപോയ്. നമ്മള്‍ രണ്ടു ധ്രുവങ്ങളില്‍ തൂങ്ങിക്കിടക്കുന്ന മൗന വിലാപം. രൂപങ്ങള്‍തന്‍ പ്രണയ സംഗീത പ്രഹേളിക. സ്വപ്നം പോലും കൈയ്യൊഴിഞ്ഞ നിലാവിന്റെ പിശാച സൗഹൃദം... ഇനി നിശ്ശബ്ദമാവേണ്ട പ്രീത പല്ലവി.

ഭാരം‍......

Image
ഒരിക്കലും തിരിച്ചുവരാത്ത വഴികള്‍ മുന്നില്‍ നിശ്ശബ്ദമായി കിടന്നു തിരിഞ്ഞു നോക്കുവാന്‍പോലും കഴിയാതെ. തിരിഞ്ഞു നോക്കുമ്പോള്‍ പണ്ട് വിരിഞ്ഞ പൂവുകള്‍, വഴിനെല്‍കിയ മരങ്ങള്‍ മങ്ങി ഇരുട്ടിന്റെ കൈകള്‍കൊണ്ടെന്നെ മൂടി. ഏതൊ ഒരു ശബ്ദ്ം കാതില്‍ ഇരച്ചു കയറി എന്നോടു മുന്നോടു പൊകാനാഞ്ഞു. ഒരു കണ്ണീര്‍ത്തുള്ളി ആരുമറിയാതെ കവിള്‍ തൊട്ടു. ഇനി ഒരിക്കലും തിരിച്ചെടുക്കാനാവാതെ ഓര്‍മ്മകള്‍ മാത്രമായി അവ വിങ്ങിപൊട്ടി.

മൗനം...

Image
താഴേക്കു നോക്കുമ്പോള്‍ നിങ്ങള്‍ക്കു കാണാം കണ്ണും നട്ടു ദൂരേക്കു ദൂരേക്കു നോക്കി നില്‍ക്കുന്ന ചിലരെ. അവരുടെ ചുണ്ടില്‍ പുകയുന്ന നിശബ്ദതയുണ്ട്. ഉള്ളില്‍ തിരമാലകളുളളവര്‍‍. നിങ്ങള്‍ക്കവരോടു ചോദിക്കാം പൂക്കളേക്കുറിച്ചും കിളികളേക്കുറിച്ചുമെല്ലാം... അവര്‍ ലില്ലി പൂക്കളേക്കുറിച്ചും, മീങ്കൊത്തി കിളിയേക്കുറിച്ചും പറയും. നിലാവിനേയും, നിറവിനേയും അവര്‍ സ്നേഹിച്ചിരുന്നു. അവര്‍ എഴുന്നേറ്റു പൊയെങ്കില്‍ തിരിച്ചു വിളിക്കരുത് ഈ തടാകത്തിനു കരയിലുള്ള മഞ്ഞു വീണ പുല്‍ത്തകിടുകള്‍ക്കപ്പുറം അവരുടെ ലില്ലിപൂക്കളുണ്ട്. കാത്തരിപ്പിന്റെ നിശബ്ദ സ൦ഗീതം പൊഴിക്കുന്ന ലില്ലിപൂക്കള്‍.
Image

നിശ്ശബ്ദം......

Image
അത് പൂര്‍ണ്ണം എന്നതിലെക്കൊരു പാലം ഇതു. അവളുടെ പുഞ്ചിരിപോലെ അതും അവന്‍െറ തെറിച്ച നോട്ടം പോലെ ഇതും പൂര്‍ണതയെ കാലഹരണപ്പെടുത്തി ഞാനും, എന്‍റെ കവിതയും പാലം പടര്ന്നു. നിങ്ങള്‍ ചെകുത്താന്‍റെ നാട്ടിലേക്കാനോ? പരിചിതമായ ശബ്ദം കാതറുത്തു. കണ്ണുകള്‍ തെറിച്ചോടിനടന്നു. വിറകൊണ്ടു മൂളിയ പാട്ടിലെ വരികള്‍ വെള്ളികള്‍ തീര്‍ത്തു നിശബ്ദമായി. സംഗതികള്‍ പൊയതിനാല്‍ ഒരു സംഗതിയും ഇല്ലാത്തവനെപൊലെ നിസ്സംഗത ഒരൊറ്റ വീഴ്ച്ച. അവളെവിടെ അവന്‍െറ തെറിച്ച നോട്ടമെവിടെ?. കാല്‍വിരല്‍ത്തുമ്പില്‍ പണ്ടാരോകുഴിച്ചിട്ടൊരു പേടി പൊടുന്നനെ മുകളിലോട്ടു പടര്‍ന്നു കയറി . നെഞ്ചു വലിഞ്ഞു മുറുകും മുമ്പേ പരിചിതമായ പ്രേതരൂപകം ബോധപാനം നിറച്ച് ഒരു കവിള്‍ മോന്തി. ഒരു നിമിഷം അതിലൊ ഇതിലൊ അല്ലാത്ത എന്തിലൊതട്ടി. ഉണര്‍ന്നപ്പോള്‍ കണ്ണുകള്‍ പഴയിടത്തു തന്നെ സ്ഥാനം പിടിച്ചിരുന്നു. വിലാസമിലാത്ത പോസ്റ്റുമാനെ പോലെ ഞാനും എന്‍െറ കവിതയും ഒരു വരിക്കിടയില്‍ വാ(വ)ക്കു പൊട്ടി നിശബ്ദം......

കരി- പുരാണം

Image
എന്നെ കൊണ്ട് വെയില്‍ കറുത്തുപൊയെന്നു കരി- പുരാണം. വറുതിയില്‍ വഴുക്കി വീണതു മഴവെളള പാച്ചിലിന്‍റെ നിഴല്‍ക്കൂത്തെന്നു നിഴല്‍ പുരാണം. നീ കറുത്തതു, ഞാന്‍ കറുത്തതു, നമ്മുടെ കുട്ടികള്‍ കറുത്തതു ഷാവാല്‍ നിലാവേറ്റന്നു കറുത്ത മരതകം. ആദിയില്‍ വെള്ളം കറുത്തതെന്നു ആരോടും പറയാത്ത വെളുത്ത രഹസ്യം. 2 വെയില്‍ വഴിമാറിപൊയെന്നു വെളിച്ചം. ഉണ്ട കറുപ്പില്‍ പിറ്റേന്ന് പത്രക്കുറിപ്പില്‍ "വര മാറിപൊയെന്നു ദൈവത്തിന്‍റെ കുമ്പസാരം".

ഇനി നീ വരില്ല....

Image
ഇനി നീ വരില്ല വരില്ലെന്‍റെ കവിള്‍ത്തടം മൂടി നെറുകയില്‍ നിറയെ ചുംബനം നെല്‍കുവാന്‍. ഇനി നീ വരില്ല വരില്ലെന്‍റെ കണ്‍ പീലികള്‍ മൂടി വിരല്‍ത്തുമ്പില്‍ നിറയെ വസന്തം തിരയുവാന്‍. ഒന്നുകൂടെ ഒന്നുകൂടെയാക്കരങ്ങളെന്‍ കവിള്‍ത്തടം നിറയ്ക്കുക നേര്‍ത്തൊരു കടല്‍ കിതപ്പെന്‍റെ ഞരമ്പുകള്‍ കൊത്തിയുടയക്കും മുമ്പേ. ഇനി നീ വരില്ല വന്നലെന്‍ ഹൃദയം തരില്ല തന്നാലെന്‍ കരങ്ങള്‍ തൊടില്ല തൊട്ടാലെന്‍ നിറവിന്‍റെ നിലാവിന്‍റെ പൂക്കള്‍ വിരിയില്ല എങ്കിലും ഒന്നുകൂടെ ഒന്നുകൂടെയാക്കരങ്ങളെന്‍ കവിള്‍ത്തടം മൂടുക ഒരു കുളിര്‍ത്ത മഴപോലെ പതിയെ. കരളു കത്തുന്നു കനവു വറ്റുന്നു എഴുതിയ കവിതകള്‍ പെയ്തു തീരാതെ വിതുമ്പലായി ചേര്‍ത്തു വെയ്ക്കുന്നു. ഇനി നീ വരില്ല വരണമെന്നു പറയില്ല എങ്കിലും ... നിറവിന്‍റെ ഗണിതം നിറച്ചു നമ്മള്‍ പണിതൊരാ പൂന്തോട്ടമെന്നേ- പൊഴിഞ്ഞുപോയ്. ഒരുമിച്ചെഴുതിയ വാക്കും വരികളും കാത്തു നില്‍ക്കാതെ എങ്ങോ മറഞ്ഞുപോയ്. ഈ വിഷവീഞ്ഞിന്‍റെ കോരിത്തരിപ്പുകള്‍ കൂട്ടി മുട്ടുന്ന ചില്ലു പാത്രങ്ങളില്‍ കൂട്ടിവെക്കുന്നു ഞാന്‍ നിശ്ശബ്ദം നിനയ്ക്കായ് വിതുമ്പുമെന്‍ അത്മസംഘര്‍ഷങ്ങളെ.